Latest

വേട്ടക്കൊരുമകന്‍


ഒരിക്കൽ അർജ്ജുനൻ പാശുപതാസ്ത്രം ലഭിക്കുവാനായി പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ തൃപ്തനായ ശിവൻ ഭഗവാൻ പാർഥനു അഭീഷ്ടവരം നൽകുവാൻ നിശ്ചയിച്ചു  പക്ഷെ അഹങ്കാരിയായ അർജ്ജുനന് അഹങ്കാരത്തിനു ശമനം വരുത്തിയിട്ട് അല്ലാതെഉള്ള വരദാനം ഫലം ചെയ്യില്ലെന്ന കാരണത്താൽ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടു അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി.

കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കു വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും, ശിവ ശക്തി സമ്മേളിതമായി കാട്ടാളരൂപിയായ ശ്രീപാർവ്വതി ദേവി ഉദരത്തിൽ ഗർഭം ധരിച്ച പ്രസവിച്ച ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്ന നാമത്തിൽ കിരാതസൂനുവായി ആരാധിക്കപ്പെടുന്നത്.

കിരാതസൂനു വേട്ടയാടി വനം മുഴുവൻ കറങ്ങി അനേകം അസുരന്മാരേയും ദുഷ്ട മൃഗങ്ങളേയും സംഹരിച്ചു. കുമാരന്റെ ശരവര്‍ഷത്താല്‍ മുനിമാര്‍ക്കും ദേവന്മാര്‍ക്കും മുറിവേറ്റു. പൊറുതിമുട്ടിയ മുനിമാരും, ബ്രഹ്മാവും, ഇന്ദ്രനും ഒക്കെ ശിവന്റെ അടുക്കൽ പരാതിയുമായി ചെന്നെങ്കിലും കാട്ടാളപുത്രൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ശിവൻ സമാധാനിപ്പിച്ചു. അവർ അതിൽ തൃപ്തിവരാഞ്ഞ് വിഷ്ണുവിന്റെ അടുത്ത് പോയി പരാതി പറഞ്ഞു. ഒടുവില്‍ ദേവകളുടെ ആവശ്യ പ്രകാരം മഹാവിഷ്ണു ഒരു വൃദ്ധ കിരാതന്റെ രൂപം സ്വീകരിച്ച് കുമാരനെ സമീപിച്ചു.

ശക്തിയേറിയതും സ്വര്‍ണ്ണ നിര്‍മ്മിതവുമായ ഒരുചുരിക വൃദ്ധന്റെ കയ്യില്‍ ഉണ്ടായിരുന്നു ചുരികയുമായി കിരാതസൂനുവിനെ എതിർത്തു. ചുരികയില്‍ ആകൃഷ്ടനായ വേട്ടയ്‌ക്കൊരുമകന്‍ അതു തനിക്ക് നല്‍കണമെന്ന് വൃദ്ധനോട് അപേക്ഷിച്ചു. മറ്റുള്ളവരെ ഉപദ്രവിക്കാതെ സംരക്ഷകനായിരുന്നാല്‍, ചുരിക ഒരിക്കലും താഴെ വയ്ക്കില്ലെന്ന് സത്യം ചെയ്യുകയെങ്കിലും ചുരികതരാം എന്നായിരുന്നു വൃദ്ധന്റെ മറുപടി. കിരാതസൂനുവിന് സത്യം ചെയ്യേണ്ടിവന്നു. കാട്ടാളത്വം നിറഞ്ഞാടിയ ശൈവാംശ ബാലന് മഹാവിഷ്ണു ജ്ഞാന മാകുന്ന പൊൻ ഛുരിക നൽകി അനുഗ്രഹിച്ചു.

വിഷ്ണുവാണെന്നറിഞ്ഞപ്പോൾ കിരാതസൂനു മാപ്പ് പറഞ്ഞു. പിന്നെ പലയിടത്തും സഞ്ചരിച്ച് പരദേവതാമൂർത്തിയായി വസിച്ചു. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വലതുകയ്യില് ചുരികയും ഇടതുകയ്യില്‍ അമ്പും വില്ലും ധരിച്ചും മഞ്ഞപ്പട്ടുടുത്തവനായും മുടിയില്‍മയില്‍പ്പീലി അണിഞ്ഞവനായും കാര്‍മ്മേഘ വര്‍ണ്ണമാര്‍ന്നവനായും നല്ലകറുപ്പുനിറമാര്‍ന്ന താടിയോടുകൂടിയവനായും യുദ്ധഭൂമിയില്‍ ശത്രുക്കളെ സംഹരിക്കുന്നവനായും ഭക്തരെ സംരക്ഷിക്കുന്നവനായും വേട്ടയ്‌ക്കൊരുമകന്‍ നിലകൊള്ളുന്നു. വേട്ടക്കൊരുമകന്റെ ഇഷ്ട വഴിപാടു കളമെഴുത്തും പന്തീരായിരം (കൂട്ടിയിട്ട 12,000 നാളികേരങ്ങള്‍ ഒരാള്‍ ഒറ്റയിരിപ്പില്‍ ഇരുകൈകള്‍കൊണ്ടും നിര്‍ത്താതെ എറിഞ്ഞുടയ്ക്കുന്ന ഈ അനുഷ്ഠാനം) തേങ്ങയേറുമാണ്.

കിരാതം കഥയിലെ കാട്ടാളരൂപിയായ പാർവ്വതി ദേവിയാണ് കാടാമ്പുഴ ദേവി.ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂർത്തി. അർജുനനെ വിഷമിപ്പിക്കാതെ വരം നൽകു എന്ന് പറയുന്ന ത്വരിതാഭഗവതിയായിട്ടാണ് ഭാവം , ഭക്തരെയും ദേവി അനുഗ്രഹിക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല