Latest

72 (313-320) ലളിതാ സഹസ്രനാമം

72 (313-320) ലളിതാ സഹസ്രനാമം

രമാരാകേന്ദുവദനാരതിരൂപാരതിപ്രിയാ രക്ഷാകരീരാക്ഷസഘ്‌നീരാമാരമണലമ്പടാ


313. രമാ

ലക്ഷ്മീ രൂപത്തിലുള്ളവൾ, പരിപാലകയായതിനാൽ അമ്മയും ലക്ഷ്മി ദേവിയാണ്.


314. രാകേന്ദുവദനാ

പൂർണ്ണചന്ദ്രപ്രകാശത്തെ രാക എന്ന് വിളിക്കുന്നു. പൂർണ്ണചന്ദ്രനോട് സാമ്യമുള്ള സുന്ദരമായ വദനമുള്ളവള്‍, മുഖമുള്ളവള്‍. രാകേന്ദുവദനയായി അമ്മയെ  ധ്യാനിക്കുന്നതിനെ പൗർണ്ണമി ധ്യാനം എന്ന് വിളിക്കുന്നു. ഭൂമിയിലെ ജീവികളുടെ മാനസിക പ്രവർത്തനം ചന്ദ്രന്റെ പ്രവർത്തനങ്ങളുടെ ഫലമാണ്. 


315. രതിരൂപാ

കാമദേവന്റെ പത്നിയായ രതി അമ്മയുടെ അംശമാണ്‌, കാമപത്നിയായ രതിയുടെ രൂപമുള്ളവള്‍. 


316.രതിപ്രിയാ

രതി എന്നത് ആനന്ദം, സംതൃപ്തി, സന്തോഷം അല്ലെങ്കിൽ ഭക്തി എന്നിവയെ സൂചിപ്പിക്കുന്നു. രതീദേവിയുടെ ഭർത്താവായ മന്മഥനിൽ നിന്നാണ് വികാരങ്ങൾ ഉണ്ടാകുന്നത് അതിനാല്‍ രതിപ്രിയാ. അനുരാഗം പ്രിയമായിട്ടുള്ളവള്‍. 


317.രക്ഷാകരീ

രക്ഷകയും സംരക്ഷകയുമാണ് അമ്മ. ബാഹ്യവും ആന്തരികവുമായ അസ്വസ്ഥതകളിൽ നിന്ന് അമ്മ നമ്മെ സംരക്ഷിക്കുന്നു, രക്ഷ ചെയ്യുന്നവള്‍. എല്ലാവരുടെയും ഹൃദയത്തിലാണ് അമ്മ കുടികൊള്ളുന്നത്, നമ്മുടെ മനസ്സിൽ ജനിക്കുന്ന ചിന്തകൾ നല്ലതും ചീത്തയും കലർന്നതായിരിക്കാം, ആ ദുഷിച്ച ചിന്തകളെ അകറ്റുന്നതും സംരക്ഷണത്തിന്റെ ഒരു രൂപമാണ്


318. രാക്ഷസഘ്നീ

ഭൂതങ്ങളെ നശിപ്പിക്കുന്നവൾ, രക്ഷസ്സുകളെ ഹനിക്കുന്നവള്‍. അമ്മ അസുരനാശിനിയാണ്. നമ്മിലെ ദുഷ്ടശക്തികളുടെ സംഹാരകയാണ് അമ്മ.


319. രാമാ

രാ പരമാത്മാവാണ്, മാ എന്നത് ജീവാത്മാവാണ്. രാമൻ എന്നാൽ ശാശ്വതൻ, പരമോന്നതൻ എന്നും അർത്ഥം ഉണ്ട്. സ്തീപുരുഷഭേദമില്ലാത്ത പരബ്രഹ്മം തന്നെ ആയ അമ്മ സ്ത്രീരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്നു.


320.രമണലമ്പടാ

ഭർത്താവിനോട് അർപ്പണ ബോധമുള്ളവളാണ് അമ്മ. രമണൻ പ്രസാദമുള്ള, ആകർഷകമായ, ലമ്പടാ അത്യാഗ്രഹി, ആസക്തി എന്ന് അർത്ഥം വരാം.




അഭിപ്രായങ്ങളൊന്നുമില്ല